സീയോനിൻ പരദേശികളേ നാം
ഉയർത്തിടുവിൻ കൊടിയെ
ആനന്ദത്തോടെ ആത്മപ്രിയനെ ഗാനം മുഴക്കി
ക്കൊണ്ടെതിരേൽക്കാം നമുക്ക്
1 ബേതലഹേം മുതൽ കാൽവറിയോളം
പാദങ്ങൾ പതിഞ്ഞിട്ടുണ്ടേ
പാദം വയിക്കേണം ലാക്കിലേക്കോടണം
മാതൃക നൽകിയൊരേശുവിൻ പിൻമ്പേ
2 കഷ്ടതയനുഭവിച്ചേശുമഹേശൻ
വഴി നമുക്കൊരുക്കിയല്ലോ
ഇടുക്കം ഞെരുക്കമുള്ളീവഴി പോകണം
മടിച്ചുനിൽക്കാതെ മാർഗമദ്ധ്യത്തിൽ
3 ഭാരം സകലവും പാപമശേഷവും
പരിത്യജിച്ചീടുക നാം
വിശ്വാസപൂർത്തി വരുത്തുന്ന നായകൻ
യേശുവെ തന്നെ നോക്കുക സ്ഥിരമായ്
4 പരദേശികളേ വീണ്ടെടുത്തോരേ
ജയഘോഷം പാടിടുവിൻ
ആർപ്പിടുവിൻ ഹല്ലേലുയ്യാ പാടുവിൻ
കർത്തനാം യേശുവെ ഓർത്തു ഗമിപ്പിൻ
5 സീയോൻ നഗരിയിൽ മിന്നുന്ന ഗോപുരം
ദൂരത്തായ് കാണുന്നുണ്ടേ
ദൂതന്മാർ ദൈവത്തെ സ്തുതിക്കുന്ന ശബ്ദം
മോദമായ് കേൾക്കുന്നു വേഗം ഗമിക്കാം