ഉണര്‍ന്നെഴുന്നേല്‍ക്കുക തിരുസഭയേ
മണവാളന്‍റെ വരവിനായ്‌ ഒരുങ്ങിടുക
വരുമതിവേഗമെന്നരുളിയവന്‍
പരിവാരങ്ങളോടിതാ വരുന്നു വാനില്‍

വരുമേ വാനത്തില്‍ പ്രിയകാന്തന്‍
പതിനായിരങ്ങളിലതി ശ്രേഷ്ഠന്‍
വിരവോടവനെ നാം എതിരേല്‍പ്പാന്‍
ഒരുങ്ങാം ഒരുങ്ങാം തിരുസഭയേ

ഉടയവനരുളിയോരടയാളങ്ങള്‍
ഭൂവില്‍ നിറവേറുന്നോരോന്നും നിറവേറുന്നു
കൊടിയ വിനകളെങ്ങും നടമാടുന്നു
ദൈവസഭയേ നിന്‍ തലയെ നീ ഉയര്‍ത്തിടുക

അശുദ്ധമാം വസനത്തെ എറിഞ്ഞിടുക
ദിവ്യമഹത്വത്തിന്‍ അലങ്കാരം ധരിച്ചിടുക
വിശുദ്ധിയെ തികച്ചു നീ ഒരുങ്ങി നിന്നാല്‍
സ്വര്‍ഗ്ഗമഹിമയില്‍ മണവാളന്‍ അണച്ചിടുമേ

പ്രതിയോഗി വഴികളിലെതിര്‍ത്തിടട്ടെ
പ്രതികൂലങ്ങളനുദിനം പെരുകിടട്ടെ
ജയവീരന്‍ യേശു മുന്‍ നടന്നിടുമേ
നിന്‍റെ കരം പിടിച്ചനുദിനം നടത്തിടുമേ

നൊടി നേരത്തേയ്ക്കുള്ള ദുരിതമുണ്ടേ
അതിനൊടുവിലോ നിത്യമാം മഹിമയുണ്ട്
അനിത്യമാം സുഖത്തെ നീ വെറുത്തിടുമ്പോള്‍
നിത്യ മഹത്വത്തിന്‍ പ്രതിഫലം അനന്തമല്ലോ

www.christsquare.com