വെളിച്ചത്തിൻ കതിരുകൾ
വിളങ്ങുമീ സമയത്ത്
വെളിച്ചമാം യഹോവയെ
സ്തുതിക്കണമവൻ ജനം
ഇരുട്ടൊഴിഞ്ഞവനിയിൽ
തിളക്കമിങ്ങുദിക്കുന്നു
വെളിച്ചമാം മശീഹയീ
വിധം നമ്മിലുദിക്കണം
തിരുമുഖത്തിൻ പ്രഭ
തെളിവോ ടു വിലസുമ്പോൾ
ഇരുളിന്റെ പ്രവൃത്തികൾ
മറവിടം തിരക്കിടും
തിരുമൊഴി ദിവസവും
പുതിയതായ് പഠിക്കുകിൽ
ശരിവരെ വഴി തെറ്റാ
തിരുന്നിടാമസംശയം
ദിനമതിൻ തുടസ്സത്തിൽ
മനുവേലിൻ മുഖാംബുജം
ദർശിച്ച നരനൊരു
ദുരിതവും വരികില്ല
മനമതി തെളിവിനോട്
ഇരുന്നിടും സമാധാനം
ദിവസത്തിന്നൊടുവോളം
ഭരിച്ചിടും മനസ്സിനെ
സമസ്തമാം പരീക്ഷയും
ജയിച്ചിടാം കൃപാമൂലം
ഒരിക്കലുമിളകാത്ത
പുരമതിൽ കടന്നിടാം
ഗതിയില്ലാ ജനങ്ങളിൽ
കനിയുന്ന മഹേശനേ
കരം പിടിച്ചെന്നെ തിരു
വഴികളിൽ നടത്തുക